വാകത്താനം: ദമ്പതികളെ ബിസിനസ്സിൽ പങ്കാളികളാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന ഭാഗത്ത് താമസിക്കുന്ന എറണാകുളം തൃക്കാക്കര സ്വദേശി നിധി ശോശാ കുര്യനെ (38)യാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പൊലീസിൽ പരാതി നൽകിയതോടെ വാകത്താനം പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയില്‍ 22 ലക്ഷം ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തി. തുടർന്ന് ഇവരെ എറണാകുളത്തു നിന്ന് പിടികൂടി. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ എ. ഫൈസൽ, എസ്.ഐ സുനിൽ കെ.എസ്, സി. പി.ഒമാരായ ജോഷി ജോസഫ്, ചിക്കു ടി.രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.