Ernakulam

സപ്ലൈകോ ഫെയർ സബ്‌സിഡി സാധനങ്ങൾ പതിമൂന്നിൽ നാല് മാത്രം

കോതമംഗലം: സപ്ലൈകോയിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയറിന്റെ തുടക്കദിവസം തന്നെ കല്ലുകടി. അരി ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾ ഇല്ലാതെയാണ് ഫെയർ ആരംഭിച്ചത്. പലചരക്ക് സാധനങ്ങളും കാലിയാണ്. ഏപ്രിൽ 13 വരെ നടക്കുന്ന ഫെയറിന്റെ തുടക്കത്തിൽത്തന്നെ സാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥ.

സബ്‌സിഡി സാധനങ്ങൾ പകുതിപോലും എത്തിയിട്ടില്ല. പതിമൂന്ന് ഇനങ്ങളിൽ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറിൽ ഇപ്പോൾ ലഭ്യമാവുന്നത്. മുളക്, ഉഴുന്ന് ബോൾ, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒൻപതിനങ്ങളും ഫെയറിൽനിന്ന്‌ തത്‌കാലം കിട്ടില്ല. ഫെയർ അവസാനിക്കുംമുൻപേ ചില ഇനങ്ങൾകൂടി എത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.

സബ്‌സിഡി ഇല്ലാത്ത പഞ്ചസാര, പീസ് പരിപ്പ്, ഗ്രീൻപീസ് തുടങ്ങിയ വിവിധ സാധനങ്ങളും വില്പനയ്ക്കില്ല. സാമ്പത്തികവർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികപ്രശ്നമാണ് സപ്ലൈകോ ഫെയറിന് പ്രതിസന്ധിയായിരിക്കുന്നത്.