Ernakulam

ചെങ്കൽ പൊടിക്കൊപ്പം വിഷ പാമ്പുകൾ എത്തുന്നു; ദേശീയപാത വികസനം നടക്കുന്നിടത്ത് ഭീതി

വരാപ്പുഴ: കണ്ടെയ്നർ റോ‍ഡിലും ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിലും വിഷ പാമ്പ് ശല്യം രൂക്ഷമാകുന്നതായി പരാതി. ദേശീയപാത വികസനത്തിനായി വാഹനങ്ങളിൽ എത്തിക്കുന്ന ചെങ്കൽ പൊടിയുടെ കൂട്ടത്തിലാണു അണലിയും മറ്റു ഉഗ്രവിഷമുള്ള പാമ്പുകളും ഇവിടേക്കു എത്തുന്നതെന്നാണു കരുതുന്നത്. കണ്ടെയ്നർ റോഡിനോടു ചേർന്നുള്ള വിജനമായന പറമ്പുകളിൽ പുല്ലും കാടും കൊടുംചൂടിൽ ഉണങ്ങിക്കിടക്കുന്നതിനാൽ ഇവിടെ നിന്നും പാമ്പുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങിയിട്ടുണ്ട്.

കണ്ടെയ്നർ റോഡിലും സർവീസ് റോഡിലും ഇതുവരെ വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ വിഷ പാമ്പുകളെ പലരും കാണാറില്ല. കഴിഞ്ഞ ദിവസം രാത്രി വാഹനങ്ങൾ കടന്നു പോയപ്പോൾ വലിയ മലമ്പാമ്പ് റോഡിനു കുറുകെ കടക്കുന്നതു കണ്ടു യാത്രികർ ഏറെ ഭയപ്പെട്ടിരുന്നു. ഭാഗ്യത്തിനാണു പലരും പാമ്പ് കടിയേൽക്കാതെ രക്ഷപ്പെടുന്നത്. മുൻപ് വരാപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സമീപത്തുള്ള മിനി സൂപ്പർ മാർട്ടിലും ഉഗ്ര വിഷമുള്ള വലിയ അണലി പാമ്പിനെ കണ്ടിരുന്നു.

വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന അലമാരയുടെ പിന്നിലായാണു വലിയ അണലി പാമ്പ് ചുരുണ്ടു കൂടി കിടന്നിരുന്നത്. പിന്നീട് പാമ്പിനെ പിടികൂടി വനംവകുപ്പ് അധികൃതർക്കു കൈമാറുകയായിരുന്നു.  റോഡിലും പരിസരങ്ങളിലും മതിയായ വെളിച്ചം ഉറപ്പു വരുത്തണമെന്നും കാടും പുല്ലും വെട്ടി മാറ്റണമെന്നും ആവശ്യം ശക്തമാണ്.