മൂവാറ്റുപുഴ: നഗരമധ്യത്തിലെ മാലിന്യക്കുഴി സമീപവാസികൾക്ക് ദുരിതമായി മാറി. നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യ മാർക്കറ്റിനും സമീപം ടൗൺ യു.പി സ്കൂളിനോട് ചേർന്നാണ് വൻ മാലിന്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വെള്ളൂർക്കുന്നം മേഖലയിലെ ഓടകളിൽ നിന്നുള്ള മാലിന്യം മുഴുവൻ ഒഴുകിയെത്തുന്നത് ഈ മാലിന്യക്കുഴിയിലേക്കാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓടമാലിന്യം ഒഴുകിയെത്തി രൂപപ്പെട്ട വൻകുഴിയാണ് സമീപവാസികൾക്ക് ‘തലവേദന’യായത്.
അസഹ്യ ദുർഗന്ധവും ഈച്ചയും കൊതുകും പെരുകി പ്രദേശത്തിനാകെ ദുരിതമായ കുഴി മൂടി ഓട മാലിന്യം ദിശ മാറ്റി വിടണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. നിരവധി വിദ്യാർഥികൾ പഠിക്കുന്ന ടൗൺ യു.പി സ്കൂൾ വിദ്യാർഥികൾ കൊതുകുകടിയേറ്റാണ് കഴിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയും ദുരിതം പേറുകയാണ്.
വെള്ളൂർക്കുന്നത്തുനിന്നുള്ള ഓട സ്റ്റേഡിയത്തിനു സമീപം കീഴ് കാവിൽ തോട്ടിലേക്കാണ് എത്തിച്ചേരുന്നത്. എന്നാൽ 2018ലെ പ്രളയത്തെ തുടർന്ന് ഓടയുടെ ഒരു ഭാഗം മണ്ണ് വന്ന് അടഞ്ഞതോടെയാണ് ഗതിമാറി വലിയ മാലിന്യക്കുഴി രൂപപെട്ടത്. നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വെള്ളൂർക്കുന്നം മേഖലയിലെ മാലിന്യങ്ങൾ മുഴുവൻ ഈ ഓടയിലേക്കാണ് എത്തിച്ചേരുന്നത്.