വരാപ്പുഴ: ദേശീയപാത 66 വികസന ഭാഗമായി കാന നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമിക്കുന്നതിന് ആറടിയോളം താഴ്ചയിൽ കുറുകെ വെട്ടിപ്പൊളിച്ചത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണ് പൊളിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഉള്ളൂ.
റോഡ് വെട്ടിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് കാന നിർമിക്കാൻ എടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടിയത്. രോഗികളെ ഉൾെപ്പടെ അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാന നിർമിക്കാനായി ഇവിടെ കമ്പികൾ ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്. ഒരു സുരക്ഷാ സംവിധാനവും പാലിക്കാതെയാണ് റോഡ് വെട്ടിപ്പൊളിച്ചത്.