മൂവാറ്റുപുഴ: മൂവാറ്റുപുഴ ലത ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ.
മൂവാറ്റുപുഴ പെരുമറ്റം കുളുമാരി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ വെങ്ങല്ലൂർ ചേനക്കരകുന്നേൽ നിബുൻ അബ്ദുൽ അസീസ് (അപ്പു -34), പേഴക്കാപ്പിള്ളി കരയിൽ പള്ളിചിറങ്ങര പാലത്തിങ്കൽ അർഷാദ് അലിയാർ (45) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ മാഹീൻ സലിം, എ.എസ്.ഐ പി.സി. ജയകുമാർ, എസ്.സി.പി.ഒമാരായ ജയൻ, ബിബിൽ മോഹൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് റിമാൻഡിലായിരുന്ന നിബുൻ ജാമ്യത്തിൽ ഇറങ്ങിയ ദിവസമാണ് സംഭവം. ഇയാൾക്കെതിരെ നിലമ്പൂർ, ധർമടം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിരവധി മോഷണ, പിടിച്ചുപറി കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അർഷാദിനെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ മോഷണ, അടിപിടി കേസുകൾ നിലവിലുണ്ട്.