Aluva Ernakulam

കാറിലെത്തിയ അക്രമി സംഘത്തിന്റെ മർദനത്തിൽ വ്യാപാരിക്ക് പരിക്ക്

ആലുവ: കാറിലെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്‌. ആലുവ പ്രൈവറ്റ് ബസ്റ്റാൻന്റിന് സമീപം അർബൻ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദി ബുക്ക്‌ കോർണർ എന്ന സ്ഥാപനത്തിന്റെ ഉടമയായ കപ്രശ്ശേരി മഠത്തിലകത്തോട്ട് വീട്ടിൽ കുഞ്ഞുമരക്കാരിന്റെ മകൻ നിഷാദിനാണ് (47) മർദനത്തിൽ പരിക്കേറ്റത്.

നിഷാദിന്റെ ഈ സ്ഥാപനം നേരത്തെ നടത്തിയിരുന്നത് അസീസ് എന്ന വ്യക്തിയായിരുന്നു. അസീസ് സ്ഥാപനം നടത്തിയിരുന്ന സമയത്തെ ചില കണക്കുകൾ ചോദിച്ചായിരുന്നു നിഷാദിന്റെ ബുക്ക് സ്റ്റോളിൽ സംഘം എത്തിയത്. ഈ കണക്ക് താൻ അസീസുമായി സംസാരിച്ചു കൊള്ളാം എന്ന് നിഷാദ് പറഞ്ഞതിനെ തുടർന്ന് കാറിൽ എത്തിയ അക്രമിസംഘം നിഷാദിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഷാനവാസ് എന്നയാളുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്ന് നിഷാദ് പറഞ്ഞു. ആലുവ നജാത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഷാദിന്റെ മൊഴി രേഖപ്പെടുത്തി ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.