പെരുമ്പാവൂര്‍: തോടിന്റെ കരയില്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാഴക്കുളം പഞ്ചായത്തിലെ മുടിക്കല്‍ മുല്ലപ്പിള്ളി തോട്ടിൻകരയില് ബിഗ്ഷോപ്പറില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തിയത്. പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 25 ദിവസം പ്രായമുണ്ടെന്നാണ് നിഗമനം.
എറണാകുളം െമഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നയുടൻ പൊലീസ് തോട്ടിലേക്ക് പോകുന്ന റോഡിന്റെയും പരിസര പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹെല്‍മറ്റ് ധരിച്ച ഒരു യുവാവും യുവതിയും തോട്ടിലേക്കുള്ള റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് സ്കൂട്ടറില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
ചുവപ്പും വെള്ളയും നിറത്തിലുള്ള സ്കൂട്ടറില്‍ കറുത്ത ചുരിദാര്‍ ധരിച്ച യുവതിയെ കാണാം. കുഞ്ഞിനെ ഉപേക്ഷിച്ച് വേഗത്തില്‍ പോകുന്നവരാണ് ഇവരെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, കാമറ ദൃശ്യത്തില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ല. മുടിക്കല്‍ ഭാഗത്തെയും പെരുമ്പാവൂര്‍ വരെയുള്ളതുമായ കാമറകള്‍ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധിച്ചു.