കൊച്ചി: ദിവസേന നൂറിലധികം സൈബർ ആക്രമണങ്ങൾ ഐ.എസ്.ആർ.ഒ നേരിടുന്നുണ്ടെന്ന് ഐ. എസ്. ആർ. ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കൂണിന്റെ 16-ാ മത് എഡിഷനിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഒരു സാറ്റലൈറ്റ് നിരീക്ഷിക്കുന്ന രീതി മാറി ഒരു സോഫ്റ്റ്‌വെയർ അനേകം സാറ്റലൈറ്റുകൾ നിരീക്ഷിക്കുന്ന രീതി ആയിമാറി. ഇത് മേഖലയുടെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലഘട്ടത്തിൽ വിദൂരസ്ഥലങ്ങളിൽ ഇരുന്നുതന്നെ വിക്ഷേപണം നടത്താൻ സാധിച്ചു. ഇതും സാങ്കേതികവിദ്യയുടെ വിജയമാണ്.
പലതരത്തിലുള്ള സാറ്റലൈറ്റുകൾ നമുക്കുണ്ട്. അതിൽ നാവിഗേഷന് വേണ്ടിയുള്ളതും, മെയിന്റിനൻസിന് വേണ്ടിയുള്ളതും ഉൾപ്പെടുന്നു. പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് സഹായകരമായ രീതിയിലുള്ള സാറ്റലൈറ്റുകളും വിക്ഷേപിക്കുന്നു. ഇവയൊക്കെ നിയന്ത്രിക്കുന്നത് പലതരത്തിലുള്ള സോഫ്റ്റ്‌വെയറുകളാണ്. ഇവയുടെ സംരക്ഷണത്തിന് സൈബർ സുരക്ഷ അതിപ്രധാന്യമാണെന്നും അദ്ദേഹം പറഞ്ഞു.