കൊച്ചി : എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളെജ് വിദ്യാർഥികൾ അടക്കമുള്ളവർക്കു മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എക്‌സൈസ് സംഘത്തിന്‍റെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
നൈട്രാസെപാം എന്ന അതിമാരക മയക്കുമരുന്നുകളുമായാണ് പ്രതികളെ പിടികൂടിയത്. “പടയപ്പ ബ്രദേഴ്സ്” എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. വിഷ്ണുവിൽ നിന്ന് 50 ഗുളികകളും ടോമി ജോർജിൽ നിന്ന് 80 ഗുളികകളും പിടിച്ചെടുത്തു.
മയക്കുമരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് അസി. കമ്മീഷണർ ടി എൻ സുദീർ അറിയിച്ചു.
സ്പെഷ്യൽ സ്ക്വാഡ് സിഐ സജീവ് കുമാർ എം, ഉദ്യോഗസ്‌ഥരായ പ്രമോദ് കെ.പി., എൻ.ജി. അജിത് കുമാർ, എം.ടി. ഹാരിസ്, എൻ.ഡി. ടോമി, എ. ജയദേവൻ, അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.