Ernakulam

നികുതിപിരിവിൽ സുല്ലിട്ട് കോർപ്പറേഷൻ, നഷ്ടപ്പെടുന്നത് കോടികൾ

കൊച്ചി: കെട്ടിടനികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട് കൊച്ചി കോർപ്പറേഷൻ. 2013 മുതൽ മുൻകാലപ്രാബല്യത്തോടെ നികുതി ഈടാക്കാൻ 2016ൽ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കോർപ്പറേഷൻ നടപ്പാക്കിയിരുന്നില്ല. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി വർദ്ധന നടപ്പാക്കാൻ 2019ൽ കൗൺസിൽ തീരുമാനിച്ചെങ്കിലും നികുതി ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ നൽകിയില്ല. 40ശതമാനം ഡിമാന്റ് നോട്ടീസുകൾ പോലും നൽകിക്കഴിഞ്ഞിട്ടില്ല.

2019ലെ നികുതിവർദ്ധന ഇങ്ങനെ

രണ്ടായിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് 25 ശതമാനവും കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നൂറു ശതമാനവും നികുതി വർദ്ധനയാണ് 2019ൽ നടപ്പാക്കിയത്. 2016 മുതൽ മുൻകാലപ്രാബല്യത്തോടെ ഈ തുക ഈടാക്കാനായിരുന്നു തീരുമാനമെങ്കിലും ഡിമാന്റ് നോട്ടീസുകൾ അയച്ചില്ല. മൂന്നു വർഷത്തിലധികം കെട്ടിടനികുതി കുടിശിക വരുത്തിയവർക്കെതിരെ ജപ്തി നടപടികൾ സ്വീകരിക്കണമെന്നാണ് മുനിസിപ്പാലിറ്റി നിയമം. എന്നാൽ കോർപ്പറേഷൻ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല. ഇതു നികുതിതട്ടിപ്പുകാർക്ക് അനുഗ്രഹമാണെന്നു മാത്രമല്ല അധികനികുതി കുടിശിക ഈടാക്കുന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാൻ അവസരം നൽകുന്നു. ഈ രീതിയിൽ പല വ്യക്തികളും സ്ഥാപനങ്ങളും സ്റ്റേ വാങ്ങിയിട്ടുണ്ട്. മൂന്നു വർഷത്തെ നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മുനിസിപ്പൽ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ശിക്ഷാ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

വീഴ്ച സമ്മതിച്ച് മേയറും

ഡിമാന്റ് നോട്ടീസുകൾ പൂർണ്ണമായി നൽകാൻ കഴിയാത്തത് കോർപ്പറേഷന്റെ വീഴ്ചയാണെന്നും ഇതുമൂലം വലിയ തുക നഷ്ടപ്പെടുന്നുണ്ടെന്നും മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ സമ്മതിച്ചു. ഇപ്പോഴും ഡിമാന്റ് നോട്ടീസുകൾ നൽകുന്നതിൽ കോർപ്പറേഷൻ വലിയ താത്പര്യമെടുക്കുന്നില്ല. കൃത്യമായി നികുതി പിരിക്കാത്തതു മൂലം കോടികളുടെ നഷ്‌ടമാണ് കോർപ്പറേഷന് സംഭവിക്കുന്നത്.

ഓൺലൈനിലും പൊല്ലാപ്പ്

കെട്ടിടനികുതി പിരിവ് ഓൺലൈനായതോടെ ആശയക്കുഴപ്പം രൂക്ഷമായി. 2013-14 മുതലുള്ള നികുതികുടിശിക ആവശ്യപ്പെടുന്നുവെന്നാണ് പരാതി. കഴിഞ്ഞവർഷം വരെ മുടക്കം കൂടാതെ നികുതി അടച്ച ചിലർക്കും സമാന അനുഭവമുണ്ടായി. അതേസമയം, ഏറ്റവും ഒടുവിൽ നികുതി അടച്ചതിന്റെ ബില്ലുമായി കോർപ്പറേഷൻ ഓഫീസിൽ നേരിട്ടെത്തിയാൽ ഈ പിഴവ് തിരുത്തിക്കിട്ടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടിശിക ഈടാക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപ്പറേഷൻ തലത്തിൽ സംവിധാനം ഒരുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നു.