Ernakulam

മുനമ്പത്ത് അപകടത്തില്‍പ്പെട്ട് മൂന്നുപേരും ഒരേ തുറക്കാര്‍; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി: കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേര്‍ ഒരേ തുറക്കാരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. വള്ളത്തില്‍നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും മോഹനന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശരത്തിന്റെ മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഏക അത്താണിയായ മത്സ്യത്തൊഴിലാളികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ സര്‍ക്കാരിന്റെ ഇടപെടലും സഹായവും ഈ കുടുംബങ്ങള്‍ പ്രതീക്ഷിക്കുന്നു.

വള്ളം അപകടത്തില്‍പ്പെടുമ്പോള്‍ കടല്‍ ശാന്തവും അനുകൂല കാലാവസ്ഥയും ആയിരുന്നു. വള്ളത്തില്‍ നിറയെ ചരക്ക് ഉണ്ടായതും പതിവ് സഞ്ചാരപാത മാറി സഞ്ചരിച്ചതുമാണ് അപകടത്തില്‍പ്പെടാനും രക്ഷാപ്രവര്‍ത്തനം വൈകാനും കാരണമായതെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മാലിപ്പുറം ചാപ്പക്കടപ്പുറത്തെ നന്മ എന്ന ഫൈബര്‍ വള്ളം മുങ്ങിയത്. മുനമ്പം അഴിമുഖത്തിന് അടുത്തായാണ് അപകടം ഉണ്ടായത്.

ബോട്ടില്‍നിന്ന് വള്ളം നിറയെ ചാള എടുത്ത് ഹാര്‍ബറിലേക്ക് വരുന്നതിനിടയിലാണ് വള്ളം അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ സഞ്ചരിച്ചിരുന്ന വള്ളത്തിലെ ഡീസല്‍ കാനില്‍ പിടിച്ചുകിടന്ന മൂന്നുപേരെ രാത്രി ഒന്‍പതോടെ സെയ്ന്റ് ജൂഡ് ബോട്ടില്‍ എത്തിയവര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ മണിയന്‍ (54), ബൈജു (42), ആലപ്പുഴ സ്വദേശി ആനന്ദ് (52) എന്നിവരാണ് രക്ഷപ്പെട്ടത്. എന്നാല്‍, തുക പറഞ്ഞുറപ്പിച്ചശേഷം മത്സ്യം കയറ്റിയ ഇവര്‍ക്കൊപ്പം ഇന്‍ബോര്‍ഡ് വള്ളത്തില്‍നിന്ന് ചെറുവള്ളത്തില്‍ കയറി കരയിലേക്ക് വന്നവരാണ് ആലപ്പുഴ പള്ളിത്തോട് സ്വദേശികളായ രാജുവും ആനന്ദനും. അപകടത്തില്‍ ആനന്ദന്‍ രക്ഷപ്പെട്ടെങ്കിലും സുഹൃത്ത് രാജുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

നിറയെ മീന്‍ കയറ്റിയ വള്ളത്തിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറി ഫൈബര്‍ വള്ളം മുങ്ങുകയായിരുന്നു. ശക്തിയായ തിരമാലയും ഇരുട്ടും മൂലം അപകടവിവരം പുറത്തറിയാന്‍ ഏറെ വൈകിയിരുന്നു. കടലില്‍ എത്തി വന്‍ വള്ളങ്ങളില്‍നിന്ന് മത്സ്യം എടുത്ത് ഹാര്‍ബറില്‍ എത്തിച്ച് വില്‍പന നടത്തുന്നവരാണ് ചാപ്പ കടപ്പുറത്തികാരായ അഞ്ചംഗ സംഘം.