തോപ്പുംപടി: ജംക്‌ഷനിൽ നിന്നിരുന്ന തണൽ മരം അവധി ദിനത്തിൽ വെട്ടി കടത്തിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അറിവോടെ. റോഡരികിൽ നിന്നിരുന്ന 20 വർഷം പഴക്കമുള്ള മരമാണ് അവധിയുടെ മറവിൽ മുറിച്ചു കടത്തിയത്. അവധി ദിനങ്ങളായിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മരം വെട്ടി മാറ്റിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ മരം മുറിക്കുന്നതിനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ ഇടപെട്ട് തടഞ്ഞിരുന്നു. വെട്ടിയ മരത്തിന്റെ തടികൾ കരാറുകാരൻ കൊണ്ടു പോയതായി പിഡബ്ല്യുഡി അസി.എൻജിനീയർ പറഞ്ഞു. മരത്തിന്റെ തടിയുടെ വില കരാറുകാരനിൽ നിന്ന് ഈടാക്കുമെന്നും വനം വകുപ്പ് വില നിശ്ചയിച്ച് നൽകിയിട്ടുണ്ടെന്നും എഇ പറയുന്നു.
അനുമതിയോടെ വെട്ടുന്ന മരത്തിന്റെ തടികൾ ലേലം ചെയ്യണമെന്നാണ് നിയമം. എന്നാൽ ഇവിടെ ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെടുന്നു. മട്ടാഞ്ചേരിയിൽ പല ഭാഗത്തും മുറിച്ച മരങ്ങൾ മാസങ്ങളായി ലേലം ചെയ്യാതെ റോഡരികിൽ കിടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.അപകടകരമല്ലാത്ത വിധത്തിൽ നിന്നിരുന്ന മരം മുറിച്ചു നീക്കിയതിൽ പ്രതിഷേധം വ്യാപകമാണ്.
മരത്തിന്റെ കൊമ്പുകൾ മുറിക്കുന്നത് സംബന്ധിച്ച് മാസങ്ങൾക്ക് മുൻപ് കെഎസ്ഇബിയിൽ നിന്ന് കത്ത് ലഭിച്ചിരുന്നെങ്കിലും മരം മുറിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം പറഞ്ഞു. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ട്രീ കമ്മിറ്റിയിൽ ഇക്കാര്യം പരിഗണനയ്ക്ക് വന്നിരുന്നതായും കൗൺസിലർ പറഞ്ഞു. സംഭവത്തിൽ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ വനം മന്ത്രിക്ക് പരാതി നൽകി. കലക്ടർക്കും വനംവകുപ്പ് അധികൃതർക്കും ഗ്രീൻ കൊച്ചി സംഘടന പരാതി നൽകി. പൊതുമരാമത്ത് അധികൃതർക്ക് കൊച്ചിൻ വികസന വേദി പരാതി നൽകി.