വരാപ്പുഴ: ബാറിൽ മദ്യപിക്കാനെത്തിയ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിലായി.വരാപ്പുഴ തേവർകാട് കുഞ്ചാത്തുപറമ്പിൽ അജിത് (30), ഒളനാട് പാലക്കപറമ്പിൽ അനീഷ് ഗോപി (26), തിരുമുപ്പം പുളിക്കത്തറ ആഷിക്ക് (26) എന്നിവരെയാണ് വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ഇവർ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് ബാറിലുണ്ടായിരുന്ന മധ്യവയസ്കനെ ഭീഷണിപ്പെടുത്തിയത്.
എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്ക്കോ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം അടങ്ങിയ പഴ്സ്, മൊബൈൽ ഫോൺ, വാച്ച്, സ്വർണ മോതിരം എന്നിവർ ബലമായി പിടിച്ചുവാങ്ങി. പുറത്തിറങ്ങിയാൽ കൂട്ടംകൂടി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം എ.ടി.എം കാർഡ് കൈക്കലാക്കി. തുടർന്ന് എ.ടി.എം കൗണ്ടറിൽനിന്ന് പണം പിൻവലിക്കാനും ശ്രമം നടത്തി. സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ സി.സി ടി.വി കാമറ ദൃശ്യങ്ങളും എ.ടി.എം കൗണ്ടറിൽനിന്ന് ലഭിച്ച തെളിവുകളുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. നിരവധി ക്രിമിനൽക്കേസിലെ പ്രതികളാണിവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.