മരട്: അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ഓട്ടോഡ്രൈവർമാരെ കുരുക്കിലാക്കി ബാറ്ററി മോഷ്ടാക്കൾ രംഗത്ത്. പാതയോരത്തു മാത്രമല്ല വീട്ടുവളപ്പിൽ രാത്രി നിർത്തിയിടുന്ന ഓട്ടോറിക്ഷകളിൽ നിന്നു വരെ ബാറ്ററിയും ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും മറ്റു വസ്തുക്കളും കവരുന്നു. മൂന്നംഗ സംഘം ബാറ്ററി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യമടക്കം മരട് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെ ഓട്ടോറിക്ഷകളിലെ ബാറ്ററികൾ ചങ്ങലകൊണ്ട് പൂട്ടിയിടുകയാണ് ഡ്രൈവർമാർ.ഏഴായിരം രൂപ വരെ വില വരുന്ന ബാറ്ററികളാണ് കള്ളൻമാർ അടിച്ചു മാറ്റുന്നത്.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഇടിത്തീ പോലെയാണ് ബാറ്ററി കൂടി നഷ്ടപ്പെടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. മരട് ടികെഎസ് റോഡിൽ മാത്രം ഒരു മാസത്തിനിടെ 4 ഓട്ടോകളുടെ ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. നോർത്ത് നൂറുകണ്ണിയിൽ സുധന്റെ വീട്ടിൽ ഇട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നു ബാറ്ററി മോഷ്ടിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. പിറ്റേന്നു രാത്രി ഇതിനടുത്ത് ബ്ലായിത്തറ പ്രശോഭിന്റെ ഓട്ടോയിലെ ബാറ്ററിയും മോഷ്ടിക്കപ്പെട്ടു. പ്രശോഭ് വഴിയരികിലായിരുന്നു ഓട്ടോ ഇട്ടിരുന്നത്.
പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടിക്കാനായില്ല. ഒരു മാസം മുൻപ് നെട്ടൂരിൽ 4 ഓട്ടോകളുടെയും 2 ലോറികളുടെയും ബാറ്ററികൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഓട്ടോത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ബാറ്ററി മോഷ്ടാക്കളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(എഐടിയുസി) കുമ്പളം മേഖലാ സെക്രട്ടറി എം.പി. പ്രവീൺ ആവശ്യപ്പെട്ടു.