Ernakulam

കേരളം രാജ്യത്തെ പ്രധാന മത്സ്യബന്ധന സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ്.

കൊച്ചി∙ സിഎംഎഫ്ആർഐ കണക്കുകൾ പ്രകാരം 2022ൽ സമുദ്ര മത്സ്യങ്ങളിൽ പ്രധാന ഇനമായ മത്തിയുടെ ലഭ്യതയിൽ കേരളത്തിനു കുതിപ്പ്. ആകെ സമുദ്രമത്സ്യ ലഭ്യതയിൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തിയത് കേരളത്തിലാണ് . അതോടെ രാജ്യത്തെ പ്രധാന മത്സ്യബന്ധന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതെത്തി. കേരളത്തിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും ഉയർന്ന ലഭ്യതയാണ് ഇത് – 6.87 ലക്ഷം ടൺ. മുൻവർഷം 5.55 ലക്ഷം ടൺ ആയിരുന്നു. 24% വർധന ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മത്തിയുടെ ലഭ്യത കുറവായിരുന്നു . ഈ വർഷം അതിൻ്റെ തിരിച്ചു വരവായി കണക്കാക്കാം. 2021 ൽ 3297 ടൺ ആയിരുന്നത് ഇത്തവണ 1.10 ലക്ഷം ടൺ ആയിരിക്കുകയാണ്. അയല 1.01 ലക്ഷം ടൺ ലഭിച്ചു. മുൻവർഷം കിട്ടിയതിന്റെ ഇരട്ടിയാണിത് . കേരളത്തിൽ പിടികൂടിയ സമുദ്ര മത്സ്യങ്ങളുടെ 30% എറണാകുളം ജില്ലയിൽ നിന്നാണ്.

കഴിഞ്ഞ വർഷം രാജ്യത്തെ തീരങ്ങളിൽ നിന്നു പിടികൂടിയത് 34.9 ലക്ഷം ടൺ സമുദ്ര മത്സ്യങ്ങൾ ആയിരുന്നു . 2021 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 14.53% കൂടുതലാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്. രണ്ടാമത്‌ മത്തിയും. സമുദ്രമത്സ്യ ലഭ്യതയിൽ തമിഴ്നാട് ആണ് രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നത്.– 7.22 ലക്ഷം ടൺ വരും അത് . രാജ്യത്ത് മൊത്തം പിടികൂടിയതിന്റെ 20.69% ആണിത് . തൊട്ടുപിന്നിൽ കർണാടക (6.95 ലക്ഷം ടൺ), കേരളം (6.87 ലക്ഷം). കാലാവസ്ഥ അനുകൂലമായതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2022ൽ മത്സ്യബന്ധന മേഖലയ്ക്കു നേട്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *