കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ അവസാന സ്റ്റേഷനിൽ മാറ്റം. കൊച്ചി കാക്കനാട് മെട്രോ സ്റ്റേഷന്റെ അവസാന സ്റ്റേഷൻ ഇടച്ചിറ ജങ്ഷനിൽ സ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇക്കാര്യം തീരുമാനിച്ചത് കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലാണ്. ഇൻഫോപാർക്കിനുള്ളിൽ ഫേസ് വൺ, ഫേസ് ടൂ എന്നീ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ, അവസാന സ്റ്റേഷൻ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിർദ്ദേശം കെഎംആർഎൽ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കലൂർ സ്റ്റേഡിയം, പാലാരിവട്ടം, പാലാരിവട്ടം ബൈപ്പാസ്, പടമുകൾ, കാക്കനാട് ജങ്ഷൻ, ചിറ്റേത്തുകര, ഇൻഫോപാർക്ക് ഫേസ് 1, ഇൻഫോപാർക്ക് 2, ഇടച്ചിറ എന്നിങ്ങനെ ആകും സ്റ്റേഷനുകൾ ക്രമീകരിക്കുക. ഐടി ജീവനക്കാർക്കാണ് ഇതിന്റെ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നത്.
രണ്ടാം ഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കെഎംആർഎൽ പറഞ്ഞിരിക്കുന്നത് . കലൂരിൽ നിന്നും ഇൻഫോപാർക്കിലേക്ക് നീളുന്ന മെട്രോയ്ക്കായി 2,200 കോടി രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഇടച്ചിറ വരെ നീളുന്നതോടെ ഈ ചെലവിലും വർദ്ധനവ് ഉണ്ടായേക്കാം.
ഇടച്ചിറ സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി വരെയുള്ള പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിർമാണം നഗരസഭയാണ് ഏറ്റെടുക്കുന്നത്. ഇൻഫോപാർക്കിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്ന പരിപാടിയും ഉടൻ തുടക്കമാകുമെന്നാണ് റിപ്പോർട്ട്.
മെട്രോ സ്റ്റേഷനുകളുടെ നിർമാണം അടുത്തമാസത്തോടെ ആരംഭിക്കും . ചിറ്റേത്തുകര സ്റ്റേഷനുമായി ബന്ധപ്പെട്ട് കാക്കനാട് ജലമെട്രോ ടെർമിനലിലേക്കും യാത്രാ സൗകര്യം ഒരുക്കുമെന്നും റിപ്പോർട്ടുണ്ട്. കൊച്ചി സെസ്, കാക്കനാട് ജങ്ഷൻ സ്റ്റേഷനുകളിലേക്കുള്ള ആദ്യഘട്ട നിർമാണം ആരംഭിക്കാൻ പൈലിങ് തുടങ്ങിയിട്ടുണ്ട്.