Ernakulam

റോറോ സർവീസിലെ യാത്രാക്ലേശം:മന്ത്രി ഇടപെടണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ

എളങ്കുന്നപ്പുഴ∙ ആറുമാസമായി റോറോ സർവീസിൽ ആയിരങ്ങൾ ആണ്‌ തീരാദുരിതം അനുഭവിക്കുന്നത്. ഇത് കാണാൻ മന്ത്രി എം.ബി.രാജേഷ് റോറോ സന്ദർശിക്കണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 2018 ഏപ്രിൽ 28നു ഉദ്ഘാടനം നിർവഹിക്കുമ്പോൾ അഴിമുഖത്തു കൂടി പാലം നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പോലെ റോറോ സർവീസ് പ്രവർത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 5 വർഷം പിന്നിടുമ്പോൾ സർവീസ് ശോഷിച്ചു റോറോ 2 ൽ നിന്നു ഒന്നായി മാറി. റോറോ സേതു സാഗർ – ഒന്ന് എൻജിൻ തകരാർ മൂലം വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിട്ടു 6 മാസം കഴിഞ്ഞിട്ടും അറ്റകുറ്റപണി കഴിഞ്ഞട്ടില്ല. സർവീസ് നടത്തുന്ന ഏക റോറോ സേതുസാഗർ -2 ഇടയ്ക്കിടെ തകരാറാകുന്നുണ്ട് അത് മൂലം സർവീസ് പൂർണമായി നിലയ്ക്കുന്നത് പതിവായിരിക്കുകയാണ്.2 റോറോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-ാമത് ഒന്നു കൂടി വേണം . ആ ദീർഘകാല ആവശ്യം പരിഗണിച്ചു കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. എങ്കിലും ആ തുക കൊച്ചി കോർപറേഷനു കൈമാറിയില്ല. റോറോ ഒന്നു മാത്രമായതോടെ ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരുമാണ് വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ മണിക്കൂറുകളോളം കാത്തു കിടന്നാണു അക്കരെയിക്കരെ ഇറങ്ങുന്നത്. യാത്രക്കാരില്ലാതിരുന്നതിനാൽ താത്ക്കാലികമായി ഫോർട്ട്‌കൊച്ചി ബോൾഗാട്ടി റൂട്ടിൽ സർവീസ് നടത്തിയ കണ്ടെയ്‌നർ റോറോ ആദിശങ്കര സർവീസ് നിർത്തിവെച്ചു. കൊച്ചി കാർണിവൽ പരിഗണിചായിരുന്നു സർവീസ് നടത്തിയത്.വൈപ്പിൻ ജെട്ടിയിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തി യാത്രാക്‌ളേശത്തിനു പരിഹാരം കാണാനാകും. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടു പ്രശ്‌നം പരിഹരിക്കണമെന്നു ചെയർമാൻ മജ്‌നു കോമത്ത്,കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *