Ernakulam

ഭീതി പരത്തി കാട്ടുപോത്ത് നാട്ടിലിറങ്ങി

അയ്യമ്പുഴ ∙ കാട്ടുപോത്ത് നാട്ടിലിറങ്ങിയത് പ്രദേശങ്ങളിൽ ഭീതി പരത്തി. ചീനഞ്ചിറയിൽ നിന്നു മൂലേപ്പാറയിലെത്തി തോടു കടന്ന് ശങ്കരൻ കുഴി പാറമടയിലേക്കു കയറുകയായിരുന്നു. 150 അടിയോളം ഉയരമുള്ള ഭാഗത്തേക്കാണു കാട്ടുപോത്ത് കയറിയത്. അങ്ങോട്ടു പോകുന്നതിനും തിരികെ വരുന്നതിനും ഒരു വഴിമാത്രമേയുള്ളു. പോത്തിനെ പുറത്തേക്കു കൊണ്ടുവരാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചു എന്നാൽ ഫലം ഉണ്ടായില്ല. പോത്തിന്റെ സമീപത്തായി പാമ്പുകൾ ഉണ്ടായിരുന്നു അത് പോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി മാറി .ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു ചീനഞ്ചിറയിൽ പോത്തിനെ കണ്ടത്. തലേ ദിവസം രാത്രി കൊല്ലക്കോടാണ് പോത്തിനെ ആദ്യം കണ്ടത്. അവിടെ നിന്നാണു ചീനഞ്ചിറയിലേക്ക് എത്തിയത്. പോത്ത് ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. പോത്തിനെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ വർഷം മേയിലും ഒരു കാട്ടുപോത്ത് മൂക്കന്നൂർ, തുറവൂർ, അയ്യമ്പുഴ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ ഇറങ്ങിയിരുന്നു. വീടുകളുടെ മുന്നിലൂടെയും റോഡിലൂടെയും പറമ്പുകളിലൂടെയും കടന്നുപോയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചുള്ളിയിൽ വച്ച് വനത്തിലേക്കു കയറ്റിവിടുകയായിരുന്നു. അതിനു മുൻപു ഡിസംബറിലും മഞ്ഞപ്ര, മൂക്കന്നൂർ, തുറവൂർ, അയ്യമ്പുഴ എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. അന്ന് തൃശൂർ ജില്ലയിലേക്കു കടന്ന പോത്ത് കൊരട്ടി, നാലുകെട്ട് തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *