ഇരുമ്പനം∙ സീപോർട്ട്–എയർപോർട്ട് റോഡരികിൽ എഥനോൾ ടാങ്കർ ലോറി ചരിയുന്നത് പതിവാണ്. തുടർച്ചയായി നാലാം പ്രാവശ്യമാണ് കൂറ്റൻ ടാങ്കർ ലോറികൾ ചെരിഞ്ഞു അപകടം ഉണ്ടാകുന്നത്. ഇന്നലെ രാവിലെ ഐഒസി ടെറിട്ടറി ഓഫിസിനു സമീപം റോഡരികിൽ എഥനോൾ കയറ്റി വന്ന ടാങ്കർ ലോറിയാണ് ചരിഞ്ഞത്. ടാങ്കർ ലോറി പൂർവ സ്ഥിതിയിലാക്കുവാൻ കൂടുതൽ സമയം ആവിശ്യമായതോടെ റോഡിലെ ഗതാഗതകുരുക്ക് കൂടുകയാണ്. പതിവായി ഇത്തരത്തിൽ ഗതാഗതം മുടങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. റോഡരികിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
സീപോർട്ട്–എയർപോർട്ട് റോഡിൽ പാർക്കിങ് നിരോധിച്ച കലക്ടറുടെ ഉത്തരവ് ഇതുവരെ നടപ്പായില്ല. അനധികൃത ടാങ്കർ ലോറികളുടെ പാർക്കിങാണ് അപകടം വർധിപ്പിക്കുന്നത്. അടുത്തിടെ ഒട്ടേറെ അപകടങ്ങളാണ് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങും അമിത വേഗതയും മൂലം ഉണ്ടാകുന്നത്. റോഡരികിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്യുന്നതും, പെട്ടെന്ന് റോഡിലേക്ക് വാഹനം എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ഒട്ടേറെ ജീവനുകളും ഈ ഭാഗത്ത് പൊലിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും, മറ്റു വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പ് വരുത്താതെ അലക്ഷ്യമായി വാഹനം എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.