വരാപ്പുഴ ∙ താൻ ഓടിച്ചിട്ടില്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നു പറഞ്ഞ് പിഴയടക്കണം എന്നാവശ്യപ്പെട്ടു സിറ്റി പൊലീസിന്റെ നോട്ടിസ്‍ കണ്ടു മുൻ തപാൽ ജീവനക്കാരനായ കോട്ടുവള്ളി വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷൻ പണിക്കർ അമ്പരന്നു . ഏപ്രിൽ 9നു കൊച്ചിൻ ഷിപ്‌യാർഡിന്റെ സമീപം ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം (ബുള്ളറ്റ്) ഓടിച്ചിരുന്നു എന്ന് കാണിച്ചാണ് സിറ്റി ട്രാഫിക് പൊലീസ് അരവിന്ദാക്ഷനു 500 രൂപ പിഴ ചുമത്തി നോട്ടിസ് അയച്ചത്.
ആ ദിവസം തൻ്റെ വിവാഹ വാർഷികമായിരുന്നു എന്നും താൻ വീട്ടിൽ നിന്നു പുറത്ത് ഇറങ്ങിയിട്ടില്ലെന്നുമാണ് അരവിന്ദാക്ഷൻ പറയുന്നത്. മാത്രമല്ല നോട്ടിസിൽ നൽകിയിട്ടുള്ള ചിത്രത്തിൽ താൽകാലിക റജിസ്ട്രേഷൻ നമ്പറുള്ള ബുള്ളറ്റിന്റെ പിൻവശത്തെ ചിത്രമാണുള്ളത് .മഞ്ഞ നിറത്തിലുള്ള ബോർഡാണു ഇതിൽ കാണിച്ചിട്ടുള്ളത്. ബുള്ളറ്റിന്റെ പിൻവശമല്ലാതെ അരവിന്ദാക്ഷന്റെ ചിത്രം പോലും നോട്ടിസിൽ കൊടുത്തിട്ടില്ല എന്നാണ് പരാതി.
പോലീസ് നോട്ടിസിലുള്ളത് അരവിന്ദാക്ഷൻ ഓടിക്കുന്ന ബുള്ളറ്റിന്റെ അതേ മാതൃകയിലുള്ള വാഹനത്തിന്റെ പിൻവശ ചിത്രമാണ്. താൻ ചെയ്യാത്ത തെറ്റിനു പിഴ അടക്കില്ലെന്നും കൂടാതെ ഇതുസംബന്ധിച്ചു പൊലീസ് നടപടികൾക്കെതിരെ നിയമപരമായി നീങ്ങുമെന്നാണു അരവിന്ദാക്ഷൻ പറയുന്നത്. അരവിന്ദാക്ഷൻ നൽകിയിരിക്കുന്ന പരാതി സ്റ്റേഷനിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നുമാണ് സൗത്ത് പോലീസ് സ്റ്റേഷൻ അധികൃതരുടെ ഭാഗത്തുനിന്നുമുള്ള മറുപടി.