ആലുവ: നടുറോഡിൽ കാർ നിർത്തിയിട്ട് ഗതാഗതകുരുക്ക് ഉണ്ടാക്കിയതു ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ നിറതോക്ക് ചൂണ്ടി യാത്രികന്റെ പ്രകോപനം. ആലുവ-പെരുമ്പാവൂർ റോഡിൽ തോട്ടുമുഖത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കീഴ്മാട് സ്വദേശിയായ നാൽപത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോക്ക് പിടിച്ചെടുത്തു. തോക്കിൽ 8 പെല്ലറ്റ് നിറച്ചിരുന്നു. പക്ഷികളെ വെടി വയ്ക്കുന്ന എയർഗൺ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നടുറോഡിൽ വാഹനം നിർത്തിയിട്ട് പിന്നിൽ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വന്നതോടെ ബൈക്ക് യാത്രികൻ ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കത്തിനിടെയാണ് യുവാവ് തോക്ക് ചൂണ്ടിയത്. അതോടെ യാത്രക്കാർ വാഹനങ്ങൾ റോഡിനു കുറുകെയിട്ടു പൊലീസ് വരുന്നതു വരെ യുവാവിനെ രക്ഷപെടാൻ അനുവദിച്ചില്ല. പരാതിക്കാർ ഇല്ലാതിരുന്നതിനാൽ യുവാവിനെതിരെ കേസ് എടുത്തിട്ടില്ല. മർദ്ദനമേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു വരുകയാണ്.