ചോറ്റാനിക്കര: കോട്ടയത്തുപാറ കോളനിപ്പടിയിൽ വീട്ടിൽ നിന്നു 2 പവൻ ഡയമണ്ട് അടക്കം 22 പവനോളം സ്വർണം കവർന്ന കേസിലെ പ്രതികളെ വീട്ടിലെത്തിച്ചു തെളിവെടുത്തു. കോതമംഗലം കുത്തുകുഴി തൊത്തനാംകുടി രമേശൻ (53), നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (49) എന്നിവരെയാണ് ഇന്നലെ വൈകിട്ട് കവർച്ച നടത്തിയ വീട്ടിൽ എത്തിച്ചത്.
ഞാളിയത്ത് മോഹനൻ തോമസിന്റെ വീട്ടിൽ 30ന് രാത്രി വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. വരിക്കോലിയിലെ വീട്ടിലെ മോഷണ കേസിൽ അറസ്റ്റിലായവരാണു ചോറ്റാനിക്കരയിൽ മോഷണം നടത്തിയതെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇൻസ്പെക്ടർ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിലാണു തെളിവെടുപ്പിനായി എത്തിച്ചത്.
മോഷണം നടത്തിയത് എങ്ങനെയാണെന്ന് പ്രതികൾ പോലീസിനോടും വീട്ടുകാരോടും വിവരിച്ചു. ചോറ്റാനിക്കരയിൽ വന്നു തിരികെ മടങ്ങവേ രാത്രി റോഡരികിലെ വീട്ടിൽ വെളിച്ചമില്ലെന്നു ശ്രദ്ധയിൽപെട്ടാണ് മോഷണത്തിനു പദ്ധതിയിട്ടതെന്ന് ഇരുവരും പൊലീസിനോടു പറഞ്ഞു. ഗ്രില്ലിന്റെ പൂട്ട് തകർത്ത് രമേശനാണ് അകത്തുകയറി മോഷണം നടത്തിയത്. വീട്ടിലെ സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് മേശ തുറന്നതെന്നും കവർച്ചക്കിടെ വീട്ടുകാർ എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെട്ടെന്നും പ്രതികൾ പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങൾ പകുതിയോളം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.