കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മേയര്‍ എം. അനില്‍കുമാര്‍, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
മാലിന്യം തള്ളിയ പൊറ്റക്കുഴി പാലം, ശാസ്ത ടെമ്പിള്‍ റോഡ് എന്നിവടങ്ങളിലെ പ്രദേശങ്ങളിൽ തിങ്കള്‍ രാത്രി എട്ടോടെ ആണ് സന്ദര്‍ശിച്ചത്. ഈ പ്രദേശങ്ങള്‍ ജില്ല ഭരണകൂടത്തിന്റെയും കോർപറേഷന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വൃത്തിയാക്കും. തുടർന്ന് ഇനിയും മാലിന്യം തള്ളിയാൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി കോർപറേഷന് സെക്രട്ടറി ബാബു അബ്ദുൽ ഖാദര്‍, കൗണ്‍സിലര്‍മാരായ മിനി വിവേര, അഷിത യഹിയ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.