Ernakulam

വിശപ്പ് അകറ്റാൻ ഫുഡ് ഷെൽഫ്; സ്നേഹം നിറച്ച് പൊതിച്ചോറുകൾ

മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ആൽമരച്ചോട്ടിൽ വിശപ്പ് അകറ്റാനായി ഒരു ഫുഡ് ഷെൽഫ് ഉണ്ട്. ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ വിശന്നു വലയുന്നവർക്ക് വേണ്ടി ഇവിടെ ഫുഡ് ഷെൽഫിൽ പൊതിച്ചോർ ഉണ്ടാകും. ഒരാൾ ഒരു പൊതി മാത്രമേ എടുക്കാവൂ എന്നത് മാത്രമാണ് ഒരു നിബന്ധന. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരാണു സ്നേഹം ചേർത്ത ഈ പൊതിച്ചോറ് തയാറാക്കുന്നത്. 11.30 ഓടെ പൊതിച്ചോറുകൾ കച്ചേരിത്താഴത്ത് പ്രത്യേകം തയാറാക്കിയ ഇരുമ്പ് ഷെൽഫിൽ ലഭ്യമാകും.

സ്നേഹവീട് ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷനൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പൊതിച്ചോറുകൾ തയാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നഗരസഭയുടെ അഗതി മന്ദിരമായ സ്നേഹ വീട്ടിലെ അമ്മമാരാണു പൊതിച്ചോറുകൾ തയാറാക്കുന്നത്. കുടിവെള്ളവും സൗജന്യമായി ഇവിടെ നൽകുന്നുണ്ട്. ആർക്കുവേണമെങ്കിലും പൊതിച്ചോറുകൾ സൗജന്യമായി എടുക്കാം. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവർക്കും നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്കും ആശ്രയമായിരിക്കുകയാണ് ആൽമരച്ചോട്ടിലെ ഫുഡ് ഷെൽഫ്.

Leave a Reply

Your email address will not be published. Required fields are marked *