തൃപ്പൂണിത്തുറ: ഏറ്റെടുക്കാൻ ആളില്ലാതെ നഗരസഭയുടെ കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാൾ അടഞ്ഞു കിടക്കുന്നു. 2 തവണ ലേലത്തിൽ വച്ചിട്ടും ഇതുവരെ മാൾ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. 42 ലക്ഷം രൂപയ്ക്കാണ് മാൾ ലേലത്തിൽ വച്ചത്. എന്നാൽ ഏറ്റെടുക്കാൻ കച്ചവടക്കാർ എത്താതിരുന്നതിനാൽ നഗരസഭാ എത്ര രൂപയ്ക്കു മാൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരുന്നു. പക്ഷെ ഇതുവരെ കച്ചവടക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് സൂചന.
8.40 കോടി രൂപ മുടക്കി 49,000 ചതുരശ്ര അടിയിൽ നഗര ഹൃദയത്തിൽ രണ്ടര വർഷം മുൻപാണ് നഗരസഭാ മാളിന്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ലയിലെ മറ്റു മാളുകളെ പോലെ വൻ ബിസിനെസ്സ് സാധ്യത മുന്നിൽ കണ്ടാണ് നഗരസഭാ ഭരണാധികാരികൾ മാളിന് രൂപം നൽകിയത്. തിയറ്ററുകളും കച്ചവട സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന മാളിനു വേണ്ടി ബിസിനസുകാർ ഓടിയെത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷകളെല്ലാം വിഫലമായി.
ലേലത്തുകയിൽ ചെറിയ ഇളവു വരുത്തി വീണ്ടും ടെൻഡർ വിളിച്ചാൽ മാൾ ലേലത്തിനെടുക്കാൻ കച്ചവടക്കാർ എത്തുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.