കുട്ടമ്പുഴ∙ വീട് നിർമാണം മുടങ്ങി പന്തപ്ര കുടിയിലെ ആദിവാസി കുടുംബങ്ങൾ. സർക്കാരിന്റെ സംരംഭമായ ഗോത്രജീവിക എന്ന ഏജൻസിയാണു 57 വീടുകളുടെ നിർമാണം ഏറ്റെടുത്തത്. വീടുകൾ 2 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചു കൈമാറിയിട്ടില്ല. അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത് 30 വീടുകളുടെ നിർമാണം. തേപ്പ് , മിനുക്കുപണികൾ , ശുചിമുറി നിർമാണം എന്നിവയാണ് അവശേഷിച്ചത്. പക്ഷെ പണികൾ നിലച്ചു.
പട്ടികവർഗ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഗോത്രജീവിക ഏജൻസിയുടെ വീടു നിർമാണം എങ്ങുമെത്താതെ നിൽകുമ്പോൾ ലൈഫ് മിഷനിലും മറ്റും ഗുണഭോക്താക്കൾ തന്നെ ഏറ്റെടുത്തു നിർമിച്ച 10 വീടുകൾ പൂർത്തീകരിച്ചു താമസം തുടങ്ങിയിട്ടു മാസങ്ങളായി. അധികൃതർ ഇതിൽ ഇടപെടാത്തതിൽ ആദിവാസികൾ പ്രതിഷേധത്തിലാണ്.
പന്തപ്രയിൽ നേരത്തേ പുനരധിവസിപ്പിച്ചത് വനാന്തരത്തിലെ വാരിയംകുടിയിലെ 67 കുടുംബങ്ങളെയാണ്. ആദിവാസി കുടുംബങ്ങൾ പന്തപ്രയിലെത്താൻ കാരണം വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമായിരുന്നു. ഇവർക്കു വീടും പൊതു ആവശ്യത്തിനും 26 ഏക്കറും കൃഷിക്ക് 2 ഏക്കറും അനുവദിച്ചിരുന്നു.
വാരിയത്ത് വന്യമൃഗശല്യം രൂക്ഷമായതോടെ കൂടുതൽ കുടുംബങ്ങൾ പന്തപ്രയിൽ എത്തിത്തുടങ്ങി. ഈയിടെ എത്തിയ 15 കുടുംബങ്ങൾ താമസിക്കുന്നത് ഷെഡ് കെട്ടിയും ബന്ധുക്കളുടെ വീടുകളിലുമായാണ്. പലായനത്തിന് കൂടുതൽ കുടുംബങ്ങൾ ഒരുങ്ങുകയാണ്. പന്തപ്രയിൽ ഇവർക്കും വീടിനും കൃഷിക്കും സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.
വീടിനും കൃഷിക്കും മറ്റു സൗകര്യങ്ങൾക്കും ആവശ്യമായ 523 ഏക്കർ വനഭൂമിയാണു പന്തപ്രയിൽ വനംവകുപ്പ് 218 കുടുംബങ്ങൾക്ക് നേരത്തെ വിഭാവനം ചെയ്തത്.