പറവൂർ:തട്ടുകടവ് പുഴയിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ യാത്രാമൊഴി. ശനി ഉച്ചയ്ക്കു രണ്ടരയോടെ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണു മരിച്ചത്. ചെറിയപല്ലംതുരുത്ത് ഈരേപ്പാടം മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകളാണു ശ്രീവേദ. കവിതയുടെ സഹോദരൻ മന്നം തളിയിലപ്പാടം വിനുവിന്റെയും നിതയുടെയും മകനാണ് അഭിനവ്. കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വിനീതയുടെയും രാജേഷിന്റെയും മകനാണു ശ്രീരാഗ്. മക്കളുടെ മൃതദേഹത്തിനു മുന്നിൽ നിന്നു മാതാപിതാക്കൾ വാവിട്ടു നിലവിളിച്ചപ്പോൾ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി. സഹോദരങ്ങളെ നഷ്ടപ്പെട്ട വേദനയിൽ നിവേദിതയ്ക്കും അമേയയ്ക്കും ശ്രീരാജിനും കരച്ചിലടക്കാനായില്ല.
ശനി ഉച്ചയ്ക്കു വീട്ടിൽ നിന്നു പോയ കുട്ടികളെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ തട്ടുകടവ് പാലത്തിനടിയിൽ സൈക്കിളും 2 ആൺകുട്ടികളുടെ വസ്ത്രങ്ങളും ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുഴയിൽ നടത്തിയ തിരച്ചലിൽ മൂന്ന് പേരുടെയും മൃദദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.