കാക്കനാട് ∙ കിൻഫ്ര ക്യാംപസിൽ ജിയോ ഇൻഫോടെക് സമുച്ചയത്തിൽ ശനിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ആണ് കണക്കാക്കുന്നത്. അഗ്നിരക്ഷാസേനയും പൊലീസും ഐടി യൂണിറ്റ് നടത്തിപ്പുകാരും ഇന്നലെ പകൽ വിശദമായ പരിശോധന നടത്തിയിരുന്നു. കംപ്യൂട്ടറുകൾ ഉൾപ്പെടെ എല്ലാ സാമഗ്രികളും പൂർണമായി കത്തിനശിച്ചു. സ്റ്റീലും ഷീറ്റും ഗ്ലാസും ഉപയോഗിച്ചു നിർമിച്ച മൂന്നുനില സമുച്ചയമാണ് അഗ്നിക്കിരയായത്. പുറംചുവരിന്റെ ഏതാനും ഭാഗത്തു മാത്രമേ സിമന്റ് കട്ട ഉപയോഗിച്ചിട്ടുള്ളൂ. രണ്ടും മൂന്നും നിലകൾ പൂർണമായി കത്തിനശിച്ചു. താഴത്തെ നിലയിൽ ഭാഗിമായി മാത്രമെ തീ പിടിച്ചിട്ടുള്ളു. കെട്ടിടത്തിന് പുറത്തു ചുറ്റും സ്ഥാപിച്ചിരുന്ന ചില്ലുകളും അലുമിനിയം ഷീറ്റുകളും കത്തിനശിച്ചു.
തീയും പുകയും ആദ്യം താഴത്തെ നിലയിൽ നിന്നാണ് ഉണ്ടായത്. വൈദ്യുതി കേബിളുകൾ സ്ഥാപിച്ചിട്ടുള്ള വലിയ ഇരുമ്പു കുഴലുകളിലൂടെ തീ മുകൾനിലകളിലേക്കു വ്യാപിക്കുകയായിരുന്നു. വ്യവസായ ആവശ്യത്തിനായി നിർമിച്ച കെട്ടിടം 6 വർഷം മുൻപാണ് ഐടി പാർക്കായി മാറ്റിയത്. കെട്ടിടത്തിൽ അഗ്നി രക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും പൂർണതോതിൽ സഞ്ജമായിരുന്നില്ലെന്നാണ് ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.