കൊച്ചി∙ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യു ആണ് കടന്നു കളഞ്ഞത്. ഇയാളുടെ ഫ്ലാറ്റിലും വാഹനത്തിൽ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്ലാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു ആക്രമിച്ചത്. ഫ്ലാറ്റിൽ നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയ ഉദ്യോഗസ്ഥർക്കു നേരെ ചിഞ്ചു മാത്യു തോക്ക് ചൂണ്ടി. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പൊട്ടിയില്ല. പ്രതിയെ കീഴ്പ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ പ്രതി കയ്യിൽകരുതിയ കത്തി വീശി. ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. സിവിൽ എക്‌സൈസ് ഓഫിസർ ടോമിയുടെ വിരലിനു മുറിവേറ്റു. ഈ തക്കത്തിൽ പ്രതി കടന്നുകളയുകയായിരുന്നു.