ആലുവ: കഴിഞ്ഞ നാലുവർഷമായി വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളും കാരണം അസ്വസ്ഥത അനുഭവിക്കുകയായിരുന്നു ഒമാനിലെ മുസാന സ്വദേശിയായ സലീം നാസർ. ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളിൽ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. ഒടുവിൽ, ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തി.
രാജഗിരിയിൽ നടത്തിയ പരിശോധനയിലാണ് വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിൻ കഷ്ണം തടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിൻറെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിൻ കഷ്ണം നീക്കം ചെയ്യുകയും ശ്വസന പ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു.