മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിനെ കേന്ദ്രീകരിച്ച് നഗരസഭ രൂപംകൊടുത്ത ഫീൽ ദ് റിവർ വിനോദ സഞ്ചാര പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല സംഘം പരിശോധന നടത്തി.നഗരസഭ ചെയർമാൻ പി.പി. എൽദോസ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന ടൂറിസം ഡയറക്ടർക്കും പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ നിർദേശ പ്രകാരം ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, പ്രോജക്ട് എൻജിനീയർ അരുൺ ജോസ് എന്നിവർ ഡ്രീം ലാൻഡ് പാർക്കിലും ത്രിവേണി സംഗമ തീരത്തും പരിശോധന നടത്തിയത്.
ജല വിനോദങ്ങൾക്കും മൂവാറ്റുപുഴയാറിന്റെ ഭംഗി ആസ്വദിക്കാനും ഏറ്റവും അനുയോജ്യമായ പദ്ധതിയാണെന്നാണ് സംഘം വിലയിരുത്തിയത്. ജ്യമായ പദ്ധതി ആയാണു സംഘം വിലയിരുത്തിയത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ടൂറിസം ഡയറക്ടർക്ക് സമർപ്പിക്കുമെന്നു ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപഴ്സൻ സിനി ബിജു, സ്ഥിരസമിതി അംഗങ്ങളായ അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ കെ.ജി. അനിൽ കുമാർ, ബിന്ദു സുരേഷ്, അമൽ ബാബു, പി.വി. രാധാകൃഷ്ണൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.