മൂവാറ്റുപുഴ∙ അമേരിക്കയുടെ സുരക്ഷയിലെ വീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴക്കാരൻ ശ്രദ്ധ നേടുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നാഷനൽ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം ആയ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്ലാറ്റ്ഫോമിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയാണു മൂവാറ്റുപുഴ കല്ലൂർക്കാട് പുത്തൻമനക്കൽ സാബുവിന്റെ മകൻ ഹരിശങ്കർ പ്രശംസ നേടിയത്. ഇക്കാര്യം റിവാർഡ് ഫോർ ജസ്റ്റിസിനെയും യുഎസ് എയ്ഡ് വിഡിപിയെയും (വൾനറബിലിറ്റി ഡിസ്ക്ലോഷർ പ്രോഗ്രാം) അറിയിക്കുകയും അവർ സുരക്ഷാ വീഴ്ച ഉടൻ പരിഹരിക്കുകയും ചെയ്തു. വീഴ്ച ചൂണ്ടിക്കാട്ടിയ ഹരിശങ്കറിനു പ്രത്യേക നന്ദി അറിയിച്ചു.
പല കമ്പനികളുടെ വെബ്സൈറ്റുകളുടെയും സെർവറുകളുടെയും സുരക്ഷാ പ്രശ്നങ്ങൾ ഹരിശങ്കർ പരിഹരിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഷിപ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിലെ നാവിഗേറ്റിങ് ഓഫിസർ ട്രെയിനറാണു ഹരിശങ്കർ. കല്ലൂർക്കാട് പഞ്ചായത്ത് ഭരണസമിതി അംഗം സുമിത സാബുവാണ് അമ്മ.