Ernakulam

കളക്ടറെ കാണാനെന്ന പേരിൽ ഓട്ടോ വിളിച്ചെത്തിയ ആൾ ഡ്രൈവറെ കബളിപ്പിച്ചു; 1500 രൂപ വാങ്ങി കടന്നു കളഞ്ഞു

കാക്കനാട്∙ കലക്ടറെ കാണാനെന്നു പറഞ്ഞ് അങ്കമാലിയിൽനിന്ന് ഓട്ടോറിക്ഷ വിളിച്ചു കലക്ടറേറ്റിലെത്തിയ ആൾ ഓട്ടോ ഡ്രൈവറെകബളിപ്പിച്ച് കയ്യിൽ നിന്ന് 1,500 രൂപയും വാങ്ങി കടന്ന് കളഞ്ഞു. വിരമിച്ച ബാങ്ക് ജീവനകാരനാണെന്നാണ് ഡ്രൈവറോട് പറഞ്ഞത്. കയ്യിൽ ഉണ്ടായിരുന്ന പണവും അങ്കമാലിയിൽ നിന്ന് കളക്ട്രേറ് വരെ ഉള്ള ഓട്ടോക്കൂലിയും നഷ്ടപെട്ട ഓട്ടോ ഡ്രൈവർ അങ്കമാലി അങ്ങാടിക്കടവ് കുരിശിങ്കൽ കെ.വി. ജോസഫ് കലക്ടറേറ്റ് സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അങ്കമാലി ട്രാൻസ്പോർട്ട് സ്റ്റാൻഡ് സമീപത്തു നിന്നാണ് പ്രായം ചെന്ന യാത്രക്കാരൻ ഓട്ടോ വിളിച്ചത്. അത്താണി വരെ പോകണമെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത്. അത്താണിയിലെ ബാങ്കിൽ കയറിയ ശേഷം കളമശേരിക്കു പോകാമെന്നു പറഞ്ഞു വീണ്ടും യാത്ര തുടർന്നു. കളമശേരിയിലും ബാങ്കിൽ കയറി. പിന്നീടാണു കലക്ടറേറ്റിലേക്കു പോകാമെന്നു പറഞ്ഞത്.

കലക്ടറേറ്റിലെത്തിയപ്പോൾ കലക്ടറെ കാണാനെന്നു പറഞ്ഞു കലക്ടറേറ്റിനകത്തേക്കു കയറിപ്പോയി. ശേഷം അല്പസമയത്തിനകം തിരികെയെത്തിയാണ് ഡ്രൈവറുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് പോകുംവഴി എടിഎമ്മിൽനിന്ന് എടുത്തു തരാമെന്നും പറഞ്ഞാണു പണം തട്ടിയത്. പണവുമായി വീണ്ടും കലക്ടറേറ്റിലേക്കു കയറിപ്പോയ ആളെ കാണാതായതോടെ ഡ്രൈവർ സുരക്ഷാ വിഭാഗത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും കണ്ടാണു വിശ്വസിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ക്യാമറയിൽ നിന്ന് ആളുടെ ദൃശ്യം ലഭ്യമാക്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *