മൂവാറ്റുപുഴ: ചാവറ കോളനി പേരാലിൻചുവട്ടിൽ സന്തോഷ്കുമാറിനെ (49) കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിലെ പ്രതിയായ മാമലക്കണ്ടം സ്വദേശി സുജിത്തിനു വിചാരണക്കോടതി 14 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ളയാണു ശിക്ഷ വിധിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ സന്തോഷിനെ സുഹൃത്തായ പ്രതി കൊലപ്പെടുത്തി കൊക്കയിൽ തള്ളുകയായിരുന്നു. 2017 ഏപ്രിൽ 28നു രാത്രിയാണു സന്തോഷ് കൊല്ലപ്പെട്ടത്.
പ്രതി സുജിത്തിനൊപ്പം സന്തോഷ് കാറിൽ കയറിപ്പോകുന്ന നിരീക്ഷണക്യാമറ ദൃശ്യങ്ങളാണു കേസന്വേഷണത്തിൽ വഴിത്തിരിവായത്. സന്തോഷിന്റെ വസ്ത്രങ്ങൾ, ചെരിപ്പുകൾ, മൊബൈൽ ഫോൺ എന്നിവ പലയിടങ്ങളിലായി പ്രതി ഉപേക്ഷിച്ചതും പൊലീസ് വീണ്ടെടുത്തു. സന്തോഷിന്റെ സ്വർണമാല പ്രതിയുടെ ഭാര്യയുടെ വീട്ടിൽ നിന്നു കണ്ടെടുത്തത് കേസിൽ നിർണായക തെളിവായി. 26 സാക്ഷികളെ വിസ്തരിച്ച കോടതി 48 രേഖകളും, 9 തൊണ്ടി മുതലുകളും പരിശോധിച്ചു. വാഴക്കുളം പൊലീസ് അന്വേഷിച്ച കേസിൽ എറണാകുളം എസിപി സി. ജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.