കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നു പെട്രോൾ അടങ്ങിയ കുപ്പി കണ്ടെടുത്തിരുന്നു ഇതിനെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ലീറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയാണ് ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ അളവിൽ മാത്രമാണ് പെട്രോളുണ്ടായിരുന്നത്. മാലിന്യം കുന്നുകൂടി കിടക്കുന്ന സെക്ടർ 7ൽ നിന്നാണ് രണ്ടാഴ്ച മുൻപ് പൊലീസിന് പെട്രോൾ കുപ്പി ലഭിച്ചത്.
അഗ്നിബാധ സമയത്തു സെക്ടർ ഏഴിലും അടുത്ത സെക്ടറുകളിലും ജോലി ചെയ്തിരുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഗ്നിബാധയ്ക്കു ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോൾ കൊണ്ടുവന്നതാകുമെന്നുള്ള നിഗമനവും ഉണ്ട്. കൂടാതെ പെട്രോൾ വാങ്ങിയ ശേഷം ആരെങ്കിലും ഉപേക്ഷിച്ച കുപ്പി മാലിന്യത്തിനൊപ്പം പ്ലാന്റിലെത്തിയതാകാൻ ഇടയുണ്ടെന്നും പൊലീസ് പറയുന്നു. പെട്രോൾ നിറച്ച കുപ്പിയുടെ സാന്നിധ്യം പൊലീസിനെ കുഴക്കുകയാണ്.
മഴ പെയ്തതും പ്രദേശം ചതുപ്പിനു സമാനമായതും മുൻനിർത്തി തീപിടിത്ത സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബ്രഹ്മപുരം പ്ലാന്റിൽ നിയോഗിച്ചിരുന്ന അഗ്നിരക്ഷാ സേന യൂണിറ്റുകളെ പിൻവലിച്ചു.