വരാപ്പുഴ ∙ ഈ വർഷത്തെ കൃഷിക്കുള്ള ഒരുക്കങ്ങൾ പൊക്കാളിപ്പടങ്ങളിൽ ആരംഭിച്ചിട്ടും കഴിഞ്ഞ വർഷം കൊയ്തെടുത്ത ടൺ കണക്കിനു നെല്ല് സംഭരിക്കാൻ നടപടിയാകുന്നില്ല. പാടവരമ്പത്തു ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്ന നെല്ല് വെയിലും മഴയുമേറ്റു നാശത്തിന്റെ ഭീഷണിയിലാണ്.
കഴിഞ്ഞ വര്ഷം വിളവെടുത്ത പതിനായിരത്തിലേറെ ടൺ നെല്ലാണു കർഷകരുടെ പക്കലുള്ളതെന്ന് പൊക്കാളി പാടശേഖര വികസന സമിതി പ്രസിഡന്റ് ഉമേഷ് പൈ, സെക്രട്ടറി പി.ടി.സ്വപ്ന ലാൽ എന്നിവർ പറഞ്ഞു. 100 മുതൽ 130 രൂപ വരെ കിലോഗ്രാമിനു നൽകിയാണ് കർഷകർ കൃഷിയിറക്കാൻ വിത്തു വാങ്ങുന്നത്. നിലം ഒരുക്കൽ, വിത്തു വിതയ്ക്കൽ, കൊയ്ത്ത്, മെതിക്കൽ തുടങ്ങി വിവിധ ജോലികൾക്കായും പണം ചെലവാക്കേണ്ടിവരുന്നു. ഇത്രയും തുക മുടക്കി കൃഷി പൂർത്തിയാക്കിയാലും നെല്ല് സംഭരിക്കുന്നതു 30 മുതൽ 60 രൂപ വരെ നിരക്കിലാണ്.
നഷ്ടങ്ങളുടെ പേരിലാണു പല കർഷകരും കൃഷി ഉപേക്ഷിക്കുന്നത്. രാജ്യത്തും വിദേശത്തും നല്ല ഡിമാൻഡുള്ള പൊക്കാളി അരിയും അനുബന്ധ ഉൽപന്നങ്ങളും കൃത്യമായ രീതിയിൽ വിപണനം ചെയ്യാൻ സർക്കാരിനു കഴിയാത്തതാണു കർഷകരുടെ ദുരിതങ്ങൾക്ക് കാരണം.പൊക്കാളി നെല്ല് സംഭരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു സംഘടന കൃഷി മന്ത്രിക്കും അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.