വൈപ്പിൻ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം ഓപ്പൺ ജിം ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു.പള്ളത്താംകുളങ്ങര സംസ്ഥാന പാതയോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഓപ്പൺ ജിം ആണ് നിർമാണം പൂർത്തിയായിട്ടും ഉപയോഗശൂന്യമായി കിടക്കുന്നത്. ഓപ്പൺ ജിമ്മിനും റോഡിനും ഇടയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ കാണിക്കുന്ന താൽപര്യക്കുറവാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. റോഡിനോട് ചേർന്ന് ആയതിനാൽ സംരക്ഷണഭിത്തി ഇല്ലെങ്കിൽ അപകട സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച ജിമ്മിന്റെ എല്ലാ ജോലികളും പൂർത്തിയായെങ്കിലും ഒരു മാസമായിട്ടു സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയില്ല. ജില്ലാ പഞ്ചായത്ത് അംഗം എം.ബി.ഷൈനിയും കുഴുപ്പിള്ളി പഞ്ചായത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം പൊതുമരാമത്ത് എൻജിനീയറെ സമീപിച്ചെങ്കിലും നിർമാണ സാമഗ്രികൾ ഇല്ലെന്നു പറഞ്ഞു നിർമാണം നീട്ടിക്കൊണ്ട് പോകുന്നതായാണു പരാതി.