ചോറ്റാനിക്കര: ഒറ്റമുറിയിൽ ആരോരുമില്ലാതെ താമസിക്കുന്ന അന്ധ ഗായകൻ കാളുകുറുമ്പനെ കലക്ടർ എൻ.എസ്.കെ. ഉമേഷ് നേരിൽ സന്ദർശിച്ചു. എഴുപത്തെട്ടുകാരനായ കാളുകുറുമ്പനു വികലാംഗ പെൻഷൻ ലഭിക്കുന്നില്ലെന്ന വിവരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കലക്ടർ എത്തിയത്. ആധാർ കാർഡ് ലിങ്ക് ചെയ്യാതിരുന്നതു കാരണമാണ് പെൻഷൻ ലഭിക്കാത്തതെന്നു കലക്ടർ പറഞ്ഞു. വോട്ടേഴ്സ് ഐഡി ലഭ്യമാക്കുകയും, ആധാർ കാർഡ് ലഭ്യമാക്കി പെൻഷൻ പുനഃസ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിച്ചെന്നു കലക്ടർ അറിയിച്ചു.
പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ജനകീയ ഹോട്ടൽ വഴി ഭക്ഷണവും ജലജീവൻ പദ്ധതി മുഖേന ശുദ്ധജല കണക്‌ഷനും ലഭ്യമാക്കും. കൂടാതെ സൗജന്യ വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു.