വരാപ്പുഴ: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പറമ്പിൽ ഉപേക്ഷിച്ച നിലയിൽ. യഥാസമയം വിതരണം ചെയ്യാതിരുന്ന മരുന്നുകളാണ് ഇവയിൽ അധികവും.
2018-19 കാലയളവിലുള്ള അമുൽ സ്പ്രേ, ഒആർഎസ് പൊടി, ഗർഭ നിരോധന ഉറകൾ, എയർ ബെഡ്, ഗർഭ പരിശോധന കാർഡ്, വിവിധ മരുന്നുകൾ തുടങ്ങിയവയാണു പറമ്പിൽ ഉപേക്ഷിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡർ നവീകരിക്കുന്നതിനായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയാണ് ഇതിന്റെ ഭാഗമായാണ് പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ പറമ്പിലേക്ക് തള്ളിയത്.
പുറത്തു നിന്നു കാണാത്ത രീതിയിൽ ആശുപത്രിക്കു പിന്നിലുള്ള പറമ്പിലാണ് ഇവ തള്ളിയത്.കാലാവധി തീരുന്നതിനു മുൻപേ ലക്ഷങ്ങൾ വില വരുന്ന മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചു അന്വേഷിച്ചു ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും ആരോഗ്യ വിഭാഗത്തിനും പരാതി നൽകുമെന്നു വാർഡ് അംഗം ബെർലിൻ പാവനത്തറ പറഞ്ഞു.