കളമശ്ശേരി: യുവാക്കൾ സഞ്ചരിച്ച ആഡംബര ബൈക്കുകൾ റോഡിന് കുറുകെ കടന്ന പോത്തിനെ ഇടിച്ചു. നാല് പേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി 12.15ഓടെ നിർമാണത്തിലുള്ള കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പോത്ത് ചത്തു. കളമശ്ശേരി സ്റ്റാർട്ടപ് ജീവനക്കാരായ സിജോ, ഫിറോസ് (24), ക്രിസ്റ്റിയോൺ ജോസ് (23), ടിജോ തോമസ് (23), എസ്. ആനന്ദ് (23) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ രണ്ടുപേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.. രണ്ട് ആഡംബര ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ സീപോർട്ട് എയർപോർട്ട് റോഡിലൂടെ പോകവെ കുറുകെ കടന്ന പോത്തിനെ ഇടിച്ച് വീഴുകയായിരുന്നു.റോഡിൽ കിടന്ന ഇവരെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ സെയ്ദ് മുഹമ്മദ് ആളെകൂട്ടി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.