Ernakulam

വിദ്യാഭ്യാസത്തോടൊപ്പം ജോലിയുമായി കർമചാരി പദ്ധതി; സേവനസന്നദ്ധരായ വിദ്യാർഥികളെ തേടുന്നു.

കൊച്ചി: സേവനസന്നദ്ധരായ വിദ്യാർഥികളെ തേടി ഹയർസെക്കൻഡറി വകുപ്പ്. പഠനത്തിനൊപ്പം ജോലി എന്ന ആശയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് കർമചാരി പദ്ധതി. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് അവസരം. തൊഴിൽ ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന തിരുനാമത്തിലാണ് ഈ ആശയത്തിന് തുടക്കമിട്ടത്.

ഈ പദ്ധതിയിൽ ഭാഗമാകുന്നതിനായി, ജോലിക്കു നിയോഗിക്കാൻ സാധിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ പ്രിൻസിപ്പൽമാർക്കു കത്തയച്ചു. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി യാഥാർഥ്യമാകുന്നത്. ഈ കർമചാരി പദ്ധതി സർക്കാരിന്റെ മൂന്നാം നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പ്രഖ്യാപിച്ചത്. തൊഴിൽ ചെയ്യാൻ സന്നദ്ധരായ വിദ്യാർഥിക്കളെ സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്‌ലെറ്റുകൾ, വസ്ത്ര വ്യാപാരമേഖല, റിസോർട്ടുകൾ എന്നിവിടങ്ങളിലായിരിക്കും ജോലി നൽകുക. അപകടകരമായ ജോലികൾ കുട്ടികളെക്കൊണ്ടു ചെയ്യിക്കില്ല. ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഓറിയന്റേഷൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

പദ്ധതിയിൽ ചേരുന്ന വിദ്യാർഥികൾക്ക് ഇഎസ്ഐ ആനുകൂല്യവും ലഭ്യാമാക്കും. വിദ്യാർഥികളും തൊഴിലുടമകളും പാലിക്കേണ്ട വിശദമായ മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പ്രവൃത്തിദിനങ്ങളിൽ 4 മണിക്കൂറും അവധി ദിനങ്ങളിൽ താൽപര്യമുള്ളവർക്കു പരമാവധി 6 മണിക്കൂറും ജോലി ചെയ്യാം. രാത്രി ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ രക്ഷകർത്താക്കളുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും വിദ്യാർഥിയുടെയും മുൻകൂർ അനുമതി വാങ്ങണം. യാത്രാസൗകര്യം ഉറപ്പുവരുത്തുകയും വേണം.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വേതനം നൽകണം. ശുദ്ധജലം, ലഘുഭക്ഷണം, ഇരിപ്പിടം എന്നിവ വിദ്യാർത്ഥിക്കൾക്ക് ജോലി സ്ഥലത്തു ലഭ്യമാക്കണം. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പരാതി പരിഹരിക്കാൻ സമിതികളും രൂപീകരിക്കും. അതോടൊപ്പം തൊഴിലിടത്തെ സൗകര്യങ്ങളിൽ വിവേചനം പാടില്ല. ചുമട് എടുപ്പിക്കുക, അടിമവേലയ്ക്കു സമാനമായ ജോലികൾ ചെയ്യിക്കുക, കുട്ടികളുടെ അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങിവയ്ക്കുക എന്നിവയും വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *