കളമശേരി: നഗരസഭയുടെ മാലിന്യ സംഭരണം സ്‍തംഭിച്ചു. ഇതുമൂലം നാട്ടുകാർ ദുരിതത്തിൽ . മാലിന്യ സംഭരണത്തിനായി നഗരസഭ 14,000 വീടുകൾക്കു സബ്സിഡി നിരക്കിൽ ബയോ വേസ്റ്റ് ബിന്നുകൾ നൽകുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ വിതരണം ചെയ്തില്ല. 30 നു നിർത്തിവെച്ച മാലിന്യ സംഭരണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്വന്തമായി വസ്തുവും വീടില്ലാത്തവരും അതോടൊപ്പം ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമാണ്. 4 ദിവസമായി ഫ്ലാറ്റുകളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. ബ്രഹ്മപുരത്തേക്കു ജൈവമാലിന്യം നീക്കം ചെയ്യുന്നതിനു സമയം നീട്ടിച്ചോദിച്ചുവെങ്കിലും അനുമതി കിട്ടാത്തതും ബുദ്ധിമുട്ടു വർധിപ്പിച്ചു.
ഉറവിട മാലിന്യ സംസ്കരണത്തെകുറിച്ച് അടിസ്ഥാന അറിവ് ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഫ്ലാറ്റുകളിൽ മാലിന്യം വർധിക്കാൻ ഉള്ള കാരണം. എന്നാൽ ഇതേസമയം നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പഠനം നടത്താനായി നഗരസഭ അധ്യക്ഷ സീമ കണ്ണൻ, സ്ഥിരസമിതി അധ്യക്ഷൻമാർ എന്നിവരുടെ നേതൃത്വത്തിൽ ഭരണ–പ്രതിപക്ഷ കൗൺസിലർമാർ ബെംഗളൂരു സന്ദർശനത്തിലാണ്.