കാലടി: ട്രാഫിക്കിൽ വീർപ്പുമുട്ടി കാലടി നഗരം. നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗത കുരുക്ക് മൂലം നിരവധി ദീർഘദൂരയാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ് . അത്യാവശ്യ കാര്യങ്ങൾക്കും മറ്റും പോകാൻ നിൽക്കുന്ന ആളുകൾക്ക് വഴിയിൽ കാത്തിരിക്കുന്നത് ട്രാഫിക്കും പുകയുമാണ്. ഗതാഗത കുരുക്കിന് കുറച്ചു മാസങ്ങളായി കുറവുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയായി അതിരൂക്ഷമായിരിക്കുകയാണ്. കാലടി നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമായി കണക്കാക്കുന്നത് പാതയിൽ ഉണ്ടായിരിക്കുന്ന കുഴികളാണ്. പാലവും അപ്രോച്ച് റോഡും ചേരുന്നിടത്തെ വിടവാണ് ഇപ്പോൾ പാലത്തിലെ പ്രധാന പ്രശ്നം. വാഹനങ്ങൾ ഈ പാതയിൽ എത്തുമ്പോൾ സാവധാനം ആവുകയും അതുമൂലം ഗതാഗതകുരുക്ക് വർധിക്കുകയുമാണ്.
കാലടിയിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ഒരു സ്ഥിര സംവിധാനം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത് എംസി റോഡിലെ മൊത്തം ഗതാഗതത്തെ ബാധിക്കുന്നു ദീർഘദൂരയാത്രക്കാർ നിരയായി പോകാതെ ഇടയിലൂടെ വാഹനങ്ങൾ കയറ്റുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. കാലടി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് 17 വർഷം മുൻപ് സ്ഥാപിച്ചതാണ്. എന്നാൽ ഇത് അധികകാലം പ്രവർത്തിച്ചിരുന്നില്ല. ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്നാണ് പരാതി. 2 വർഷം മുൻപ് താൽക്കാലിക മീഡിയൻ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ഉണ്ടായിട്ടും കാലടി പാതയിലെ പണികൾ ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്.
മഴക്കാലത്തിനു മുമ്പ് തന്നെ പാലത്തിന്റെ 7 കാലുകളുടെയും പൈലിങ് ക്യാംപ് നിര്‍മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ 14 കാലുകളിൽ 4 കാലുകളുടെ പൈലിങ് പണികൾ പൂർത്തിയായി. 3 കാലുകളുടെ പൈലിങ് പണികൾ നടന്നു വരുന്നു. 2 പൈലിങ് സെറ്റുകൾക്ക് പൈലിങ് ക്യാപ് നിർമാണം അടുത്ത ആഴ്ച നടത്തുമെന്നു കരാറുകാർ അറിയിച്ചു. പാലത്തിന്റെ മുഴുവൻ നിർമാണവും പൂർത്തിയാക്കാൻ 2 വർഷം ആവശ്യമാണ് എന്നാൽ എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാകുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം.