കൊച്ചി: തൃക്കാക്കര സി.ഐ ആർ. ഷാബുവിനെതിരെ വിവരാവകാശ കമ്മീഷൻ നടപടിയെടുത്തു. നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാത്തതാണ് നടപടിയെടുക്കാനുള്ള കാരണം. 5000 രൂപ പിഴ അടക്കാനാണ് കമ്മീഷൻ ഉത്തരവ്. ആയില്യംകാവ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സനോജ് രവീന്ദ്രന്റെ പരാതിയിലാണ് നടപടി.
വിവരാവകാശ നിയമപ്രകാരം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ റോയ് കെ. പുന്നൂസിന്റെ സർവിസ് ബുക്കിന്റെ പകർപ്പും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവിശ്യപെട്ടാണ് അപേക്ഷ സമർപ്പിച്ചത്. രണ്ടുമാസത്തിൽ അധികമായിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് സംസ്ഥാന വിവരാവകാശ കമീഷന് പരാതി നൽകിയത്.
നടപടി എടുക്കാനുള്ള പ്രധാനകാരണം കണ്ടെത്തിയത് ഇതുമായി ബന്ധപ്പെട്ട ഹിയറിങ്ങിലാണ്. 30 ദിവസത്തിനകം പിഴ തുക ട്രഷറിയിൽ അടക്കണമെന്നും അല്ലാത്തപക്ഷം ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിലുണ്ട്.