കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തം അണയ്ക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് മൊത്തം ചിലവായത് 1,14,00,000 രൂപയാണ്. ഇതിൽ കൊച്ചി കോർപറേഷൻ മാത്രം 90 ലക്ഷത്തോളം രൂപ മുടക്കി. തീ കെടുത്തലിന് അനുബന്ധ സഹായങ്ങളായ ജെസിബി, അവരുടെ ഇന്ധന ചെലവ്, ഓപ്പറേറ്റർമാർക്കുള്ള കൂലി, യാത്ര ചെലവുകൾ എല്ലാം തന്നെ കോർപറേഷനാണ് പണം ചെലവഴിച്ചത്. ഇത്തരത്തിൽ കൊച്ചി കോർപറേഷന് ചെലവ് അധികമായിരുന്നു.
തീ കെടുത്തൽ ഉദ്യമത്തിൽ ഉൾപ്പെട്ട രക്ഷാപ്രവർത്തകർക്കായി താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണം, ജലം, വൈദ്യുതി തുടങ്ങിയവയുടെ ചെലവ് എല്ലാം തന്നെ കൊച്ചി കോർപറേഷനാണ് വഹിച്ചത്. ജില്ലാ കുടുംബാരോഗ്യ വെൽഫെയർ സൊസൈറ്റി 11 ലക്ഷം രൂപ കാക്കനാട് വെച്ചുനടത്തിയ മെഡിക്കൽ ക്യാമ്പിൽ അഗ്നിസുരക്ഷാ സേവകർക്കും, വൊളന്റിയേഴ്സിനുമായി ചെലവഴിച്ചു.
കൊച്ചി കോര്പറേഷന് മാത്രമല്ല 13 ലക്ഷം രൂപ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ചെലവഴിച്ചതിന്റെ കണക്ക് കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ പക്കൽ വേണ്ടത്ര തുക ഇല്ലാത്തതിനാൽ തുക ആവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകിയിട്ടുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയെ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ അറിയിച്ചു.