വൈറ്റിലയിലെ ബസ് അപകടം: കൊച്ചി ബൈപാസിൽ മൂന്നര മണിക്കൂർ ബ്ലോക്ക്

വൈറ്റിലയിലെ  ബസ് അപകടം: കൊച്ചി ബൈപാസിൽ  മൂന്നര മണിക്കൂർ ബ്ലോക്ക്

വൈറ്റില ∙ രാവിലെ തിരക്കേറിയ സമയത്ത് വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് കൊച്ചി ബൈപാസ് കുരുങ്ങി. അപകടത്തിൽ പെട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ബസ് ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തിരക്ക് തുടങ്ങുന്ന രാവിലെ എട്ടരയോടെ പൊന്നുരുന്നി റെയിൽവേ മേൽപാലത്തിനു സമീപത്തായിരുന്നു അപകടം.

വൈറ്റിലയിൽ നിന്ന് അമൃത ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്ന് വേഗം കുറച്ചപ്പോൾ പിന്നാലെ വരികയായിരുന്ന വാഹനങ്ങളും വേഗം കുറച്ചു.

ഇതോടെ തൊട്ടുമുന്നിലെ ടാങ്കർ ലോറിയിലും ബൈക്കുകളിലും ബസ് ഇടിച്ചു. നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. താഴേക്കു വീഴാതിരുന്നത് ഭാഗ്യമായി.. ബസ് ഡ്രൈവറുടെ കാബിൻ ഭാഗം തകർന്നു.

പരുക്കേറ്റ ഡ്രൈവറെയും മറ്റു യാത്രികരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. ബസിന്റെ സ്റ്റിയറിങ് അനക്കാൻ പറ്റാതായതോ‌ടെ ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ റോഡിൽ തിങ്ങി നിറഞ്ഞു. പൊലീസെത്തി നിയന്ത്രിച്ചെങ്കിലും വാഹനനിര കുണ്ടന്നൂർ വരെ നീണ്ടു. പിന്നീട് മെക്കാനിക്കുകളുടെ സഹായത്തോടെ പതിനൊന്നരയോടെ ബസ് പാലത്തിൽ നിന്നു മാറ്റി. പന്ത്രണ്ടിനു ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.