കൊച്ചി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കി സർക്കാർ ആവിഷ്കരിച്ച ഉന്നതി വിദേശ പഠന സ്കോളർഷിപ്പിൽ ജില്ലയിൽ നിന്ന് ഗുണഭോക്താക്കളായത് 162പേർ. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2021 മുതൽ ആറ് വിദ്യാർഥികളും 156 വിദ്യാർഥികളുമാണ് അവസരം നേടിയത്. 2021-22ൽ 18, 2022-23ൽ 43, 2023-24ൽ 48, 2024-25ൽ 47 എന്നിങ്ങനെയാണ് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ അവസരം ലഭിച്ച കുട്ടികളുടെ എണ്ണം.
പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് എന്ന പേരിലാണ് പദ്ധതി. ഓവർസീസ് ഡെവലപ്മന്റെ് ആൻഡ് എംപ്ലോയ്മന്റെ് പ്രമോഷൻ കൺസൾട്ടന്റിന്റെ സഹകരണത്തോടെ മാനദണ്ഡങ്ങൾക്ക് വിധേയമായി പരമാവധി 25 ലക്ഷം രൂപ വരെ വരുമാന പരിധിയില്ലാതെ പട്ടികവർഗ വിദ്യാർഥികൾക്ക് അനുവദിച്ച് നൽകുന്നു. കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം, യോഗ്യത പരീക്ഷയിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം, 35 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം, സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കരുത്, ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമെ

സ്കോളർഷിപ്പ് അനുവദിക്കുകയുള്ളു. വിദേശ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടിയതിന് ശേഷമുള്ള അപേക്ഷ യാതൊരു കാരണവശാലും പരിഗണിക്കില്ല. സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മന്റെ് ആൻഡ് എംപ്ലോയ്മെന്റെ് പ്രമോഷൻ കൺസൾട്ടൻറ് മുഖേന ഓൺലൈനായി അപേക്ഷ നൽകാം. ഇത് സ്കോളർഷിപ്പ് കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുന്നതാണ് അടുത്ത ഘട്ടം. തുടർന്ന് വിദേശ സർവകലാശാലകളിൽ പഠനത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും.



