തൃപ്പൂണിത്തുറ : ആംബുലൻസിൽ വച്ചു ബോധം നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയ 4 വയസ്സുകാരനെ സിപിആർ നൽകി ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയതിന്റെ ആശ്വാസത്തിലാണ് ആംബുലൻസ് ഡ്രൈവർമാരായ ഹരിപ്പാട് സ്വദേശിയായ ജോമോനും അടിമാലി സ്വദേശിയായ വിഷ്ണുവും.
കഴിഞ്ഞ 15 നാണ് നഗരത്തിലെ അപ്പാർട്മെന്റിലെ 2–ാം നിലയിൽ നിന്നു വീണ 4 വയസ്സുകാരനെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിക്കണമെന്ന അറിയിപ്പ് താലൂക്ക് ആശുപത്രിയിൽ നിന്നു ലഭിച്ചത്. ആംബുലൻസിന്റെ ഡ്രൈവർമാരായ ജോമോനും വിഷ്ണുവും ഒരുമിച്ചു പുറപ്പെട്ടു. മെഡിക്കൽ കോളജിലേക്കു പോകും വഴി കുട്ടിയുടെ അവസ്ഥ മോശമായി.
ബോധം പോകുന്ന അവസ്ഥ വരെ എത്തിയപ്പോൾ ജോമോൻ കുട്ടിക്ക് സിപിആർ നൽകി. 2 തവണ സിപിആർ നൽകിയപ്പോൾ കുഞ്ഞിനു ബോധം തെളിഞ്ഞു. ആംബുലൻസ് ഓടിച്ച വിഷ്ണു കുഞ്ഞിനെ മെഡിക്കൽ കോളജിൽ എത്തിച്ചു.

എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കുട്ടികൾക്കുള്ള വെന്റിലേറ്റർ ഉടൻ വേണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ഇവിടെ നിന്നു മറ്റൊരു ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമാണെന്നു മനസ്സിലാക്കിയതോടെ ആംബുലൻസ് ഉടമ ഷൈജൻ ആംബുലൻസിന്റെ പണം വാങ്ങാതെ തിരികെ പോരാൻ ആവശ്യപ്പെട്ടെന്ന് ജോമോൻ പറഞ്ഞു. 4 ദിവസത്തെ ചികിത്സയ്ക്കു ശേഷം കുഞ്ഞ് ആശുപത്രി വിട്ടതായി ഇന്നലെയാണ് ജോമോനെയും വിഷ്ണുവിനെയും ആശുപത്രി അധികൃതർ അറിയിച്ചത്.



