കൊച്ചി: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതക്ക് എറണാകുളം സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി പ്രതിയുടെ ഹരജി കോടതി തള്ളി. അതേസമയം, കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതി പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യുന്ന സർക്കാറിന്‍റെ അപ്പീൽ ഹരജിയും കോടതി തള്ളി.



